കൊറോണ വൈറസ് ഭീതിയകറ്റാം: ‘പോ’ എണ്ണും ഇനിമുതല് കറന്സി നോട്ടുകള്
പണമിടപാടുകള് നടക്കുമ്പോള് സമ്പര്ക്കത്തിലൂടെ കോവിഡ്19 തടയുന്നതിനായി ക്രൈസ്റ്റ് എന്ജിനീയറിംഗ് കോളജിലെ വിദ്യാര്ഥികള് കറന്സി സാനിറ്റൈസര് എന്ന ‘പോ’ ഉപകരണം തയാറാക്കി. മാസ്ക്, ഹാന്ഡ് വാഷ്, സാനിറ്റൈസര് എന്നിവയുടെ ഉപയോഗം മൂലം ഒരു പരിധി വരെ വൈറസിനെ തടയാന് കഴിയുമെങ്കിലും നാണയങ്ങളും, നോട്ടുകളും വ്യക്തികള് തമ്മില് കൈമാറുന്നതിലൂടെ അതിവേഗം രോഗം പടരാനുള്ള സാധ്യതയുമേറെയാണ്. ധനകാര്യ സ്ഥാപനങ്ങളില് പണമിടപാടുകള് വഴിയുള്ള രോഗവ്യാപനം തടയുന്നതിനായി നാണയങ്ങളും നോട്ടുകളും അണുവിമുക്തമാക്കുന്നതിനു വേണ്ടിയാണ് കറന്സി സാനിറ്റൈസര് ‘പോ’ തയാറാക്കിയിരിക്കുകയാണ്. സിവില് വിഭാഗത്തിലെ മൂന്നാംവര്ഷ വിദ്യാര്ഥികളായ ആല്ഫിന്, ഡേവിഡ്, സുബാല് വിനയന് എന്നിവരാണു ഇതു നിര്മിച്ചിരിക്കുന്നത്. വൈറസിനെ നശിപ്പിക്കുന്നതിനായി അള്ട്രാവൈലറ്റ് രശ്മികളും ഓട്ടോമേറ്റഡ് എയറോസോള് അണുനശീകരണിയുമാണു ഉപയോഗിച്ചിരിക്കുന്നത്. രോഗവ്യാപനത്തിനു കാരണമായ കൊറോണ വൈറസിന്റെ ഡിഎന്എ നശിപ്പിക്കുകയാണു അള്ട്രാവൈലറ്റ് രശ്മികള് ചെയ്യുന്നത്. അസിസ്റ്റന്റ് പ്രഫ. വി.പി. പ്രഭാശകറിന്റെ നേതൃത്വത്തില് പൂര്ണമായും വിദ്യാര്ഥികള് തന്നെയാണു ഇതു തയാറാക്കിയിരിക്കുന്നത്. സാങ്കേതിക തലത്തില് ഇവരോടൊപ്പം പ്രവര്ത്തിക്കനായി സനല്, റീസണ്, ജോയ്, ജിയോ, ബിജോയ്, രാഹുല് മനോഹര് എന്നിവരും പങ്കുചേര്ന്നിരുന്നു. എടിഎം പോലുള്ള ഇലക്ട്രോണിക് സംവിധാനങ്ങള് നിലവിലുണ്ടെങ്കിലും, ഭൂരിഭാഗം ജനങ്ങള് നോട്ടുകളും, നാണയങ്ങളും തന്നെയാണു ഉപയോഗിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളുടെയും കച്ചവട കേന്ദ്രങ്ങളുടെയും പ്രവര്ത്തനം കൂടുതല് കാര്യക്ഷമമാക്കാന് ഈ ഉപകരണം സഹായകരമാകും. വളരെ വേഗത്തില്തന്നെ ‘പോ’ കറന്സി സാനിറ്റൈസര് വിപണിയില് എത്തിക്കാന് കഴിയുമെന്നാണ് പ്രതീക്ഷ.