ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളുടെ കാര്യത്തില്‍ ധനകാര്യവകുപ്പിന്റെ നിലപാട്; കലാനിലയം ജീവനക്കാര്‍ ആശങ്കയില്‍
ഉത്തരവ് നടപ്പിലായാല്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് കലാനിലയം അധികൃതര്‍
ഇരിങ്ങാലക്കുട: സര്‍ക്കാര്‍ ധന സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ശമ്പളവും പെന്‍ഷനും മറ്റ് ചിലവുകളും സര്‍ക്കാരിന്റെ ബാധ്യതയല്ലെന്ന ധനകാര്യ വകുപ്പിന്റെ നിലപാടില്‍ ആശങ്കയോടെ ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയവും. കലാനിലയം ഉള്‍പ്പടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 200 ഓളം സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്.
ചിലവുകള്‍ സ്വന്തം വരുമാനത്തില്‍ നിന്നും കണ്ടെത്തണമെന്ന നിലപാട് സാസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കലാനിലയത്തിന് വെല്ലുവിളിയാകും. സര്‍ക്കാരില്‍ നിന്നും ഗ്രാന്റ് ആയി ഓരോ വര്‍ഷവും അനുവദിക്കുന്ന അമ്പത് ലക്ഷം രൂപ ഉപയോഗിച്ചാണ് സ്ഥിരം ജീവനക്കാര്‍ അടക്കം 16 പേര്‍ക്കുള്ള ശമ്പളവും വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റൈപ്പന്‍ഡും നല്കി വരുന്നത്. ഇത് തന്നെ കൃത്യസമയത്ത് കിട്ടാറില്ലെന്ന് കലാനിലയം അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നിലവില്‍ എഴ് മാസത്തെ ശമ്പളവും മറ്റും കുടിശ്ശികയാണ്. കഥകളി ട്രൂപ്പില്‍ നിന്നുള്ള വരുമാനം മാത്രമാണ് തനത് വരുമാനമായി കലാനിലയത്തിനുള്ളത്. 202324 വര്‍ഷത്തില്‍ നൂറോളം അരങ്ങുകള്‍ കിട്ടിയിയെങ്കിലും എല്ലാ വര്‍ഷവും പ്രതീക്ഷിക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. 1965 ല്‍ നിര്‍മ്മിച്ച ഹാള്‍ ദയനീയ അവസ്ഥയിലായതോടെ കല്യാണം, യോഗങ്ങള്‍, കഥകളി അവതരണങ്ങള്‍ എന്നിവയില്‍ നിന്നുള്ള വാടകയും ഇല്ലാതെയായി.
കഥകളി അവതരണങ്ങള്‍ക്ക് മേഖലയിലെ കോളേജുകളെയും അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയുമാണ് സംഘടനകള്‍ ആശ്രയിക്കുന്നത്. സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം നിലച്ചാല്‍ ആട്ടക്കഥ കൊണ്ട് സാഹിത്യ ചക്രവാളം പിടിച്ചടക്കിയ ഉണ്ണായിവാര്യരുടെ പേരിലുള്ള സ്ഥാപനം അടച്ച് പൂട്ടേണ്ടി വരുമെന്ന് കലാനിലയം അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. ധനകാര്യ വകുപ്പിന്റെ ഉത്തരവിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ സാംസ്കാരിക വകുപ്പിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കലാനിലയം ഭരണസമിതി.