മണ്ണിനടിയിലെ മൃതദേഹങ്ങള്‍ മണത്തറിയും; നായപരിശീലകര്ക്ക് പരിശീലനവുമായി കെ. നയന്‍ സ്ക്വാഡ്
മണ്ണിനടിയിലെ മൃതദേഹങ്ങള്‍ മണത്തറിയും; നായപരിശീലകര്ക്ക് പരിശീലനവുമായി കെ. നയന്‍ സ്ക്വാഡ്; പരിശീലനം ലഭിച്ചത് എന്‍ഡിആര്‍എഫ് സംഘത്തിന്
ഇരിങ്ങാലക്കുട: ഇന്ത്യയില്‍ ആദ്യമായി ദുരന്തഭൂമിയില്‍ മണ്ണിനടിയിലുള്ള മൃതദേഹങ്ങള്‍ കണ്ടെത്തുന്ന കഡാവര്‍ നായ്ക്കളെ പരിശീലിപ്പിച്ച് ലക്ഷ്യം കൈവരിച്ച കേരള പോലീസിന്റെ തൃശൂര്‍ റൂറല്‍ കെ നയന്‍ സ്ക്വാഡ് പുതിയ ചുവടുവെപ്പില്‍. ഇത്തരം നായ്ക്കളെ പരിശീലിപ്പിക്കാനുള്ള പരിശീലനം തൃശൂര്‍ റൂറല്‍ കെ നയന്‍ ഡോഗ് സ്ക്വാഡ്, എന്‍ഡിആര്‍എഫ് സേനാംഗങ്ങള്‍ക്ക് നല്കി.
എന്‍ഡിആര്‍എഫ് ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നെത്തിയ നാലുവീതം സേനാംഗങ്ങള്‍ക്കാണ് ഇരിങ്ങാലക്കുട കെ നയന്‍ ഡോഗ് സ്ക്വാഡ് ആസ്ഥാനത്ത് ഒരുമാസത്തെ പരിശീലനം നല്‍കിയത്. ചൂരല്‍മലയിലും മുണ്ടക്കൈയിലും ആഴത്തിലാണ്ട മുപ്പതോളം മൃതദേഹങ്ങള്‍ കണ്ടെത്തിയത് കേരള പോലീസിന്റെ കഡാവര്‍ ഡോഗുകള്‍ പരിശീലനം സിദ്ധിച്ച കേരള പോലീസ് നായകളായ മായയുടെയും മര്‍ഫിയുടെയും ഏയ്ഞ്ചലിന്റെയും ദുരന്തഭൂമിയിലെ രക്ഷാപ്രവര്‍ത്തനം ദേശീയ ദുരന്ത നിവാരണ സംഘത്തെയും ഞെട്ടിച്ചിരുന്നു.
മണ്ണിനടിയിലെ ശവശരീരങ്ങള്‍ കണ്ടെത്താനായി കേരള പോലീസില്‍ മാത്രമുള്ള കഡാവര്‍ ഡോഗ് ഡിറ്റക്ടിങ്ങില് ദേശീയ ദുരന്ത നിവാരണസേനയ്ക്ക് കേരള പോലീസ് പരിശീലനം നല്‍കുകയാണ്. ആദ്യമായാണ് ഇത്തരം പരിശീലനം. വയനാട് ദുരന്തത്തിന് ശേഷമാണ് എന്ജിആര്എഫ് സംഘം കേരളത്തിലെ കഡാവര്‍ സംവിധാനത്തെക്കുറിച്ച് മനസിലാക്കിയത്. എന്‍ഡിആര്‍എഫിന് കഡാവര്‍ ഡിറ്റക്ടിങ്ങ് നായകളില്ല. അതില്‍ വിദ്ഗധ പരിശീലനം നേടാന്‍ കേരള പോലീസിനെ സമീപിക്കുകയായിരുന്നു.
ട്രെയിനിംഗ് ഓഫ് ട്രെയിനേഴ്സ് എന്ന വിഭാഗത്തില്‍ ഇവര്‍ക്ക് ഒരു മാസത്തെ പരിശീലനം നല്കി. കേരള പോലീസിലെ കഡാവര്‍ നായ്ക്കളായ മായ, മെര്‍ഫി എന്നിവരെ ഉപയോഗിച്ചാണ് എട്ടംഗസംഘത്തിന് പരിശീലനം നല്‍കിയത്. സംസ്ഥാന ഡോഗ് ട്രെയിനിംഗ് സ്കൂള്‍ ഇന്‍ ചാര്‍ജ് ഒ.പി. മോഹനന്, തൃശൂര്‍ റൂറല്‍ പോലീസ് കെ നയന്‍ സ്ക്വാഡ് ഇന്‍ചാര്‍ജ് പി.ജി. സുരേഷ്, എറണാകുളം സിറ്റി ഡോഗ് സ്ക്വാഡിലെ മായയുടെ ഹാന്ഡ്ലര് പി. പ്രഭാത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.
കേരളത്തിന്റെ കഡാവര്‍ ഡോഗുകള്‍
ഇന്ത്യയില്‍ കേരള പോലീസില്‍ മാത്രമാണ് മണ്ണിനടിയില്‍ മൃതദേഹങ്ങള്‍ കമ്ടെത്താന്‍ കഴിയുന്ന അല്ലെങ്കില്‍ മനുഷ്യന്റെ ശേഷിപ്പുകള്‍ കണ്ടെത്താന്‍ കഴിയുന്ന മൂന്ന് പട്ടികളുള്ളത്. മായ, മര്‍ഫി, ഏയ്ഞ്ചല്‍. മായയാണ് ഇന്ത്യയിലെ ദ്യത്തെ കഡാവര്‍ ഡോഗ്. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള വിദഗ്ധയാണ്. 30 അടി താഴെ വരെ ആഴത്തിലുള്ള പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്. തൃശൂരിലെ കേരള പോലീസ് അക്കാദമിയിലാണ് ഇതിനുള്ള പരിശീലനം നല്‍കുന്നത്. കഡാവര്‍ ഡിറ്റക്ടിംഗ് പരിശീലനം നേടാന്‍ കേന്ദ്ര സേന കേരള പോലീസിന്റെ സഹായം തേടിയത് കേരള സര്‍ക്കാരിന്റെ ഒരു അഭിമാന നേട്ടമാണ്.