റോഡുകളുടെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ നീളുന്നതില്‍ ആശങ്കയുമായി റെസിഡന്റ്സ് അസോസിയേഷന്
ഇരിങ്ങാലക്കുട: കാലങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ നീളുന്നതില്‍ ആശങ്കയുമായി റെസിഡന്റ്സ് അസോസിയേഷന്. നഗരസഭയില്‍ 22, 23 വാര്‍ഡുകളിലായി പ്രവര്‍ത്തിച്ച് വരുന്ന എണ്‍പതോളം കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ഗായത്രി റെസിഡന്റ്സ് അസോസിയേഷന് ഇത് സംബന്ധിച്ച നിവേദനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയിക്ക് കൈമാറി. അസോസിയേഷന്റെ പരിധിയില്‍ വരുന്ന അയ്യങ്കാവ് ടെംപിള്‍ റോഡ്, ചെറുതൃക്ക് ടെംപിള്‍ റോഡ്, ഹിന്ദി പ്രചാര്‍ മണ്ഡല് റോഡ്, പുലിക്കുട്ടി മഠം റോഡ് എന്നിവ നാളുകളായി തകര്‍ന്ന് കിടക്കുകയാണ്.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുകള്‍ പുനര്‍നിര്‍മ്മിക്കുമെന്ന മറുപടിയാണ് കഴിഞ്ഞ കാലങ്ങളില്‍ ലഭിച്ചത്. അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ഇവ ആരംഭിക്കുമെന്നാണ് പിന്നീട് വ്യക്തമായതെന്നും കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടും തകര്‍ന്ന് കിടക്കുന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കാണുന്നില്ലെന്നും പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളില്‍ നിന്നും പട്ടണത്തിലേക്ക് പ്രവേശിക്കുവാന്‍ ജനങ്ങള്‍ ആശ്രയിക്കുന്ന റോഡുകള്‍ കൂടിയാണ് ഇവയെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സെക്രട്ടറി വി.പി. അജിത്കുമാര്‍, ട്രഷറര്‍ കെ.ജി. സുബ്രമണ്യന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണന്, വി.ബി. നവീന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം കൈമാറിയത്.