അരിപ്പാലം ചിറയ്ക്ക് കീഴില്‍ മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് നിര്‍മിച്ച തടയണ നീക്കിയില്ലെങ്കില്‍ പ്രളയഭീഷണി
അരിപ്പാലം: കൊയ്ത്ത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ചിറയ്ക്കു കീഴില്‍ താത്കാലികമായി നിര്‍മിച്ച തടയണ പൊളിച്ചുനീക്കിയില്ലെന്നു ആക്ഷേപം. അരിപ്പാലം ചിറയ്ക്ക് താഴെയാണു മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് താത്കാലിക തടയണ നിര്‍മിച്ചത്. കഴിഞ്ഞ ഡിസംബറില്‍ കാലംതെറ്റി പെയ്ത മഴയില്‍ പാടശേഖരങ്ങളില്‍ ഉപ്പുവെള്ളം കയറിയപ്പോഴാണു കളക്ടറുടെ അടിയന്തിര സഹായമുപയോഗിച്ച് തടയണ നിര്‍മിച്ചത്. പാടശേഖരങ്ങളില്‍ നിന്നുള്ള ചണ്ടി നീക്കം ചെയ്ത് നീരൊഴുക്ക് പുനസ്ഥാപിക്കാനും പടിയൂര്‍-പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അരിപ്പാലം പാലത്തിനു കീഴെ മണല്‍ ചാക്കുകള്‍ വെച്ച് തടയണ നിര്‍മിക്കാനുമാണു തുക അുവദിച്ചത്. 650 പ്ലാസ്റ്റിക് ചാക്കുകളാണു മണല്‍ നിറച്ച് ബണ്ട് കെട്ടാന്‍ ഉപയോഗിച്ചിരിക്കുന്നത്. പാലത്തിന്റെ താഴെ മധ്യഭാഗത്തുനിന്നും ഒരു മീറ്ററോളം തടയണ പൊളിച്ചുനീക്കിയിട്ടുണ്ടെങ്കിലും അതിന്റെ ചാക്കുകള്‍ ഇപ്പോഴും അവിടെ തന്നെ ഉപേക്ഷിച്ച നിലയിലാണ്. ചാക്കുകള്‍ പുഴയില്‍ നിന്നു നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയില്ലെങ്കില്‍ വരുന്ന കാലവര്‍ഷത്തില്‍ വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുമെന്നു കര്‍ഷകര്‍ പറഞ്ഞു.