ഫാ. ഡിസ്മാസ് റോഡില്‍ സിസിടിവി ക്യാമറ: മാലിന്യം തള്ളുന്നവരും അനാശാസ്യ പ്രവര്‍ത്തകരും കുടുങ്ങും
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന് സമീപത്തുനിന്നും കാട്ടുങ്ങച്ചിറയിലേയ്ക്ക് പോകുന്ന ഫാ. ഡിസ്മാസ് റോഡില്‍ മാലിന്യം തള്ളുന്നവരും അനാശാസ്യ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരും ഇനി ക്യാമറക്കണ്ണില്‍ കുടുങ്ങും. ഏറെ നാളുകളായി പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവ് കാഴ്ച്ചയായിരുന്നു. കാറ്ററിംഗ് മാലിന്യവും വീടുകളിലെ മാലിന്യവുമെല്ലാം തന്നെ കോളജും മറ്റ് വ്യവസായശാലകളും സ്ഥിതി ചെയ്യുന്ന റോഡില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് പോകുന്നത് പലപ്പോഴും പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
തെരുവുനായ്ക്കളുടെ ശല്യവും വ്യാപകമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഓട്ടോമാറ്റിക്ക് നമ്പര്‍ പ്ലേറ്റ് ഡിറ്റക്്ഷനോട് കൂടിയ സിസിടിവി ക്യാമറ പോലീസിന്റെ അനുവാദത്തോടെ പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നത്. മാലിന്യം തള്ളുന്നവരെയും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും തെളിവ് സഹിതം പിടികൂടി നിയമ നടപടികള്‍ സ്വീകരിക്കാന്‍ സംവിധാനം ഏറെ സഹായകമാകും.