കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്;
ചികില്‍സക്ക് പണം ആവശ്യപ്പെട്ട് ബാങ്കിന്റെ പൊറത്തിശ്ശേരി ബ്രാഞ്ചിന്റെ മുന്നില്‍ വയോധിക ദമ്പതികളുടെ സമരം
ഇരിങ്ങാലക്കുട: ചികില്‍സക്ക് പണം ആവശ്യപ്പെട്ട് കരുവന്നൂര്‍ ബാങ്കിന്റെ പൊറത്തിശ്ശേരി ബ്രാഞ്ചിന്റെ മുന്നില്‍ വയോധിക ദമ്പതികളുടെ സമരം.
നിക്ഷേപ തുകയുടെ പലിശയില്‍ നിന്ന് പതിനായിരം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട്ാണ് ഇരിങ്ങാലക്കുട ചെറുത്യക്ക് ടെമ്പിള്‍ റോഡില്‍ കൊട്ടേക്കാലില് വീട്ടില്‍ ബേബി (70) , ഭാര്യ ലിസി (69) എന്നിവര്‍ സമരം ചെയ്തത്. ഇന്നലെ ഉച്ചയോടെ ബാങ്കിന് മുന്നില്‍ എത്തിയ ഇവര്‍ പണം ലഭിക്കാതെ ബാങ്കില്‍ നിന്ന് പോകുകയില്ലെന്ന് പറഞ്ഞു. തയ്യല്‍ ജോലിയിലൂടെ സമ്പാദിച്ച അഞ്ച് ലക്ഷം രൂപ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നതായും ഇതില്‍ രണ്ട് ലക്ഷം നേരത്തെ ലഭിച്ചുവെന്നും ബാക്കിയുള്ള മൂന്ന് ലക്ഷത്തിന്റെ പലിശയില്‍ നിന്നും പതിനായിരം രൂപ ഹ്യദ്രോഗിയായ ഭാര്യയുടെ ചികില്‍സ ക്കായി ആവശ്യപ്പെട്ടുവെങ്കിലും അനുകൂലമല്ലാത്ത മറുപടിയാണ് ലഭിച്ചതെന്നും ബേബി പറഞ്ഞു. ചികില്‍സക്കായി ഒരു മാസം നാലായിരത്തോളം രൂപ ചിലവ് വരുന്നുണ്ട്. നാല്പത് വര്‍ഷത്തോളം ഠാണാവില്‍ തയ്യല്‍ക്കട നടത്തി വരുകയാണ് ബേബി. വൈകീട്ട അഞ്ച് മണിക്കും ഇവര്‍ സമരം തുടര്‍ന്നു. അവസാനം അയ്യായിരം രൂപ നല്‍കാമെന്നു അറിയിച്ചെങ്കിലും ഇവര്‍ സമ്മതിച്ചില്ല. വിവരമറിഞ്ഞ ഇവരെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം ആവശ്യമായ തുക വാങ്ങിച്ച് നല്കാന് ശ്രമിക്കാമെന്ന ഉറപ്പിലാണ് ഇവര്‍ വൈകീട്ട് ബാങ്കില്‍ നിന്ന് മടങ്ങിയത്.