കോണ്‍ക്രീറ്റ് മിക്സ് ചെയ്യുന്ന യന്ത്രത്തില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍ കൂര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെള്ളാങ്ങല്ലൂര്‍ വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ ഇന്നു രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്. ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ സ്വദേശി ഭരത് ജാദവിന്റെ മകന് പരമാനന്ദകുമാര് (19) ആണ് അപകടത്തില്‍ മരിച്ചത്. പരമാനന്ദകുമാര് കോണ്‍ക്രീറ്റ് മിക്സ് ചെയ്യുന്ന യന്ത്രത്തില്‍ ജോലി ചെയ്യുന്നതിനിടെ പുറമേ നിന്ന് മറ്റൊരു തൊഴിലാളി യന്ത്രം പ്രവര്‍ത്തിപ്പിച്ചതാണ് അപകട കാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു. കോണ്‍ക്രീറ്റ് മിക്സിങ്ങിനായി ഉപയോഗിക്കുന്ന ഈ കൂറ്റന്‍ യന്ത്രം പ്രവര്‍ത്തിക്കുന്നതിനു മുമ്പായി സൈറണ്‍ മുഴക്കാറുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ യു പി സ്വദേശിയായ മറ്റൊരു തൊഴിലാളി മുന്നറിയിപ്പ് നല്‍കാതെ യന്ത്രം ഓണ്‍ ചെയ്തതാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ ദാരുണമായ മരണത്തിനിടയാക്കിയത്. അപകടം നടന്ന ഉടന്‍ തന്നെ അപകടത്തിനിടയാക്കിയ തൊഴിലാളിയെ പ്ലാന്റില്‍ നിന്നും കമ്പനി അധികൃതര്‍ മാറ്റിയത് മറ്റു തൊഴിലാളികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. അപകടത്തിനിടയാക്കിയ യുപി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.