രാജ്യത്തിന്റെ 76ാം റിപ്പബ്ലിക് ദിന പരേഡില് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് എന്സിസി യൂണിറ്റിന്റെ സാന്നിദ്ധ്യം
കര്ത്തവ്യപഥില് മാര്ച്ച് ചെയ്യാന് തയ്യാറെടുത്ത് അണ്ടര് ഓഫീസര് ആഗ്നസ് വിത്സന്
ഇരിങ്ങാലക്കുട: രാജ്യത്തിന്റെ 76 ാം റിപ്പബ്ലിക് ദിന പരേഡില് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ സാന്നിധ്യം. തൃശൂര് ഏഴാം കേരള ഗേള്സ് ബറ്റാലിയന്റെ കീഴിലുള്ള ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കേഡറ്റ് ആഗ്നസ് വില്സനാണ് പരേഡിനായി തെരഞ്ഞെടുക്കപ്പെട്ട നൂറോളം കേഡറ്റുകളില് ഒരാളായി മാറിയിരിക്കുന്നത്. നാലു വര്ഷം മുമ്പ് അണ്ടര് ഓഫീസര് ഏയ്ഞ്ചല് റീറ്റ, സര്ജന്റ് രമ്യ ദാസ് എന്നിവര് സെന്റ് ജോസഫ്സില് നിന്നും എന്സിസിയുടെ കേരളഘടകത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
മൂന്നാം വര്ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്ഥിനിയായ ആഗ്നസ് ചാലക്കുടി മേലഡൂര് തെക്കേക്കര വീട്ടില് ജവാന് കൂടിയായിരുന്ന പരേതന് വില്സന്റെയും കുഴിക്കാട്ടുശേരി സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂള് അധ്യാപിക ബീനയുടെയും മകളാണ്. ഈ നേട്ടത്തിനു വേണ്ടിയുള്ള എല്ലാ പരിശീലനങ്ങളും ആഗ്നസിനു ലഭ്യമാക്കിയത് ഏഴാം കേരള ബറ്റാലിയന് എന്സിസി കമാന്റിംഗ് ഓഫീസര് കേണല് രജീന്ദര് സിംഗ് സിദ്ദു, മുന് കമാന്റിംഗ് ഓഫീസര് ലഫ്റ്റനന്റ് കേണല് ബി. ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള എന്സിസി ടീം ആണെന്ന് പ്രിന്സിപ്പല് സിസ്റ്റര് ഡോ. ബ്ലെസി, എന്സിസി ഓഫീസര് ക്യാപ്റ്റന് ലിറ്റി ചാക്കോ എന്നിവര് അറിയിച്ചു.